05/09/2026
പ്രഭാകര കവിയുടെ ഏതെങ്കിലും ഒരു കഥയോ കവിതയോ ഒന്നും ഞാൻ വായിച്ചിട്ടില്ല, അച്ഛൻ പറഞ്ഞുതന്ന കഥയിൽ അല്ലാതെ വേറെ ഒരിടത്തും ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ട് പോലുമില്ല.
എങ്കിലും പ്രഭാകര കവിയുടെ കഥ, എന്റെ ഉള്ളിൽ ഇന്നും നീറുന്ന ഒരോർമ്മയാണ്, ഉമിത്തീപോലെ നീറുന്ന ഓർമ്മ.
സംഗതി ഇങ്ങനെയാണ്, കൃത്യമാണോ എന്നറിയില്ല.
കുഞ്ഞായിരുന്ന പ്രഭാകരനെ മാതാപിതാക്കൾ ഗുരുകുലത്തിൽ ചേർത്തു, പഠനത്തിൽ അയാൾ മറ്റുള്ളവരെക്കാൾ മിടുക്കനായിരുന്നു എങ്കിലും ഗുരു വളരെ ക്രൂരമായാണ് അയാളോട് പെരുമാറിയിരുന്നത്.
ചെറിയ തെറ്റുകൾക്ക് പോലും വലിയ ശിക്ഷ.
എന്നാൽ ഇതേ ശിക്ഷ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു എന്ന് ചോദിച്ചാൽ ഇല്ല.
എന്ന് വച്ചാൽ തികഞ്ഞ പക്ഷപാതിത്വം.
വർഷങ്ങളോളം ഇത് തുടർന്നപ്പോൾ കുഞ്ഞു പ്രഭാകരന്റെ ഉള്ളിൽ അത് പകയായി, പ്രതികാരമായി വളർന്നു.
ഗുരുവിനെ കൊല്ലാൻ അയാൾ തീരുമാനിച്ചു, അതിനായി വലിയൊരു കല്ല് പൊക്കിയെടുത്ത് രാത്രി ഗുരുനാഥന്റെ വീടിനു മുകളിൽ വലിഞ്ഞു കയറി.
മേൽക്കൂരയിൽ നിന്ന് കല്ല് ഗുരുവിന്റെ ദേഹത്തേക്കിട്ട് അദ്ദേഹത്തെ കൊല്ലാൻ ആയിരുന്നു പ്ലാൻ.
അങ്ങനെ രാത്രി പുരപ്പുറത്തു കയറിയപ്പോഴാണ് അദ്ദേഹം ഗുരുവും പത്നിയും തമ്മിൽ സംസാരിക്കുന്നത് കേട്ടത്.
എന്തുകൊണ്ടാണ് പ്രഭാകരനെ നിസ്സാര കാര്യങ്ങൾക്കു പോലും ശിക്ഷിക്കുന്നത് എന്ന ഗുരുപത്നിയുടെ ചോദ്യമായിരുന്നു അദ്ദേഹം കേട്ടത്.
പ്രഭാകരൻ തന്റെ ശിഷ്യരിൽ ഏറ്റവും മിടുക്കനാണെന്നും, അയാളെ ലോകോത്തര നിലവാരത്തിൽ ഉള്ള ഒരു പണ്ഡിതൻ ആക്കുകയാണ് തന്റെ ലക്ഷ്യം, അതിനായി മാത്രമാണ് അയാളെ ശിക്ഷിക്കുന്നത് എന്നുമായിരുന്നു ഗുരുവിന്റെ മറുപടി.
അത് കേട്ടതോടെ പ്രഭാകരൻ പുരപ്പുറത്തുനിന്നും ഇറങ്ങി.
വല്ലാത്തൊരു പശ്ചാത്താപം അയാൾക്കുള്ളിൽ വളർന്നു.
ജീവന് തുല്യം തന്നെ സ്നേഹിക്കുന്ന ഗുരുവിനെ വധിക്കാൻ ശ്രമിച്ച താൻ ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്ന് അദ്ദേഹം കരുതി.
ഒരു കുഴി കുഴിച്ചു അതിൽ ഇറങ്ങിനിന്നു അത് മുഴുവൻ ഉമി ഇട്ടു മൂടി അദ്ദേഹം അതിനു തീയിട്ടു.
പിന്നെ ആ ഉമിത്തീയിൽ ഇഞ്ചിഞ്ചായി കത്തിയമർന്നു.
അങ്ങനെ കത്തിയമരുമ്പോൾ അദ്ദേഹം ഒരു മഹാകാവ്യം രചിച്ചു, ആ മഹാകാവ്യത്തോടൊപ്പം അദ്ദേഹവും അനശ്വരനായി.
ഇന്ന് അധ്യാപക ദിനം.
അദ്ധ്യാപകൻ എന്നാൽ ഒരു സംസ്കാരത്തെ സൃഷ്ടിക്കുന്നവനാണ്, എന്ന് കരുതി എല്ലാ അധ്യാപകന്മാരും തങ്കപ്പൻമാരാണ് എന്ന അഭിപ്രായം ഒന്നും എനിക്കില്ല.
ജാതിയുടെയും മതത്തിന്റെയും കണ്ണിലൂടെ ശിഷ്യരെ നോക്കിക്കണ്ടിരുന്നവർ, ലിംഗ ബേധം കല്പിച്ചിരുന്നവർ, അധ്യാപനത്തെക്കാൾ ഉപരി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കല്പിച്ചിരുന്നവർ, വിഷയ വിവരം ഇല്ലാതിരുന്നവർ തുടങ്ങീ ഒരുപാട് അധ്യാപകർ എന്റെ ജീവിതത്തിലും ഉണ്ടായിരുന്നു.
എന്നാൽ അവരെ അതിജീവിക്കാനുള്ള കരുത്ത് നൽകിയതും മുന്നോട്ടു നയിച്ചതും, ഇന്ന് നയിച്ചുകൊണ്ടിരിക്കുന്നതും മറ്റു ചില അധ്യാപകരാണ്.
അവരിൽ പലരും ഇന്ന് ഈ ലോകത്തില്ല.
എങ്കിലും, ഇംഗ്ളീഷ് ഭാഷയിൽ ഒരാളോട് സംസാരിക്കേണ്ടി വരുമ്പോൾ മുറുക്കി ചുവപ്പിച്ച ചുണ്ടും, കയ്യിൽ ഒരു മുറി ചൂരലുമായി പത്മനാഭൻ മാസ്റ്റ്റർ എന്റെ തൊട്ടു പുറകിൽ നിൽപ്പുണ്ടാവും.
ഒരു ശാസ്ത്ര വിഷയം ചർച്ചക്കെടുക്കുമ്പോൾ അതിലെ എന്റെ വിശകലനങ്ങൾ നിർണ്ണയിക്കുന്നത് പ്രതാപൻ മാസ്റ്ററാണ്.
നമ്പൂതിരി മാസ്റ്ററും ചന്ദ്രിക ടീച്ചറും കാണിച്ചു തന്ന സാഹിത്യ ലോകത്തിനപ്പുറം ഒന്നും ഞാൻ ഇന്നും കണ്ടിട്ടില്ല, ആസ്വദിച്ചിട്ടില്ല.
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സെർബിയൻ അതിർത്തിയിൽ നിൽക്കുമ്പോൾ ആനി ടീച്ചർ എനിക്കൊപ്പം ഉണ്ടായിരുന്നു.
ഏതെങ്കിലും ഒരു എൻജിനീയറിങ് വരപ്പിലേക്കു ഉറ്റുനോക്കി അഭിപ്രായം പറയാൻ തുനിയുമ്പോൾ കയ്യിൽ നീണ്ട ചൂരലുമായി ടെക്നിക്കൽ ഹൈസ്കൂളിലെ സലിം സാർ പുറകിൽ ഉണ്ടാവും.
സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിലെ സമസ്യകൾ ഒരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുമ്പോൾ പുറകിൽ ഒരു കോട്ടപോലെ മഹാദേവൻ സാറും, പ്രഭാകരൻ സാറും കാണും.
മുരാരി സാറും, സൂസൻ മാഡവും തന്ന ധൈര്യത്തിലാണ് ഇക്കഴിഞ്ഞ ദിവസം ഞാൻ തൃശൂരിൽ പൊളിഞ്ഞു വീണ രഞ്ജിത്തിന്റെ റീറ്റെയിനിങ് വാളിന് പുനർ നിർമ്മാണം നിർദേശിച്ചത്.
ആ പട്ടിക അവസാനിക്കുന്നില്ല ..
അതാണ് പറഞ്ഞത് നല്ല അധ്യാപകർ സൃഷ്ടിക്കുന്നത് കുറെ ശിഷ്യരെ മാത്രമല്ല, നല്ലൊരു സംസ്കാരത്തെ, അതുവഴി രാഷ്ട്രങ്ങളെ, ഈ ലോകത്തെത്തന്നെ ആണെന്ന്.
ഇന്ന് ഇന്ത്യ നേരിടുന്നത് കഴിവുറ്റ അധ്യാപകരുടെ അഭാവമാണ്.
ഇ. ശ്രീധരനെയും, അബ്ദുൽ കലാമിനെയും സൃഷ്ടിച്ച അധ്യാപകരുടെ അഭാവം.
ആ അഭാവമാണ് പാറ്റകളായും, പൂച്ചകളായും , മയക്കുമരുന്നുകളായും സമൂഹത്തിൽ നടമാടുന്നത്.
ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന് ഇദംപ്രഥമമായി ഇന്ന് വേണ്ടത് അച്ചടക്കമാണ്.
നിർബ്ബന്ധിത സൈനിക സേവനം എന്നത് പല രാഷ്ട്രങ്ങളും വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത് ഈ ലക്ഷ്യത്തെ മുന്നിൽ കണ്ടാണ്.
അതേ സമയം മതപരമായി മനുഷ്യരെ ഭിന്നിപ്പിക്കുന്ന വിദ്യാഭ്യാസ രീതികളെ നിയന്ത്രിക്കുകയും വേണം.
കാരണം, മാതാപിതാക്കൾക്കൊപ്പം ദൈവത്തിന്റെ പ്രതിപുരുഷനായി അധ്യാപകർ ഉണ്ടാവുമ്പോൾ നമുക്കെന്തിന് മതങ്ങൾ തീർത്ത ദൈവങ്ങൾ ..?
ഏവർക്കും അധ്യാപക ദിനാശംസകൾ...