17/01/2017
ആർക്കിടെക്ചർ ബിരുദതല പ്രോഗ്രാം (ബി.ആർക്ക്) പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA), 2017 ഏപ്രിൽ 16 ഞായറാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെ, 69ൽ പരം കേന്ദ്രങ്ങളിലായി നടത്തും.
NATA ഇത്തവണ ഒരു പേപ്പർ അധിഷ്ഠിത പരീക്ഷയായിട്ടായിരിക്കും നടത്തുക. പരീക്ഷയ്ക്ക് രണ്ട് ഭാഗങ്ങളുണ്ടായിരിക്കും. ആദ്യഭാഗം രാവിലെ 11 മുതൽ 12.30 വരെയായിരിക്കും. ഇതിൽ മാത്തമാറ്റിക്‌സ്, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നും 30 വീതം ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടായിരിക്കും. ഉത്തരം OMR ഷീറ്റിൽ നൽകണം. ഓരോ ശരിയുത്തരത്തിനും 2 മാർക്ക്. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടില്ല.
രണ്ടാംഭാഗം ഡ്രോയിങ് ടെസ്റ്റ് ആണ്. A4 വലിപ്പമുള്ള പേപ്പറിലാണ് ചിത്രരചന നടത്തേണ്ടത്. രണ്ട് ചോദ്യങ്ങൾ, ഓരോന്നിനും 40 മാർക്ക്. ചോദ്യങ്ങളും നിർദേശങ്ങളും മറ്റും ഇംഗ്ലീഷിൽ മാത്രമായിരിക്കും. ആർക്കിടെക്ചർ മേഖലയിലെ വിദ്യാർത്ഥികളുടെ അഭിരുചി അളക്കുക എന്നതാണ് NATA കൊണ്ട് ഉദ്ദേശിക്കുന്നത്.
ചിത്രരചന, നിരീക്ഷണപാടവം, അനുപാതങ്ങളെപ്പറ്റിയുള്ള ധാരണ, സൗന്ദര്യബോധം, വിമർശനാത്മകമായ ചിന്താശക്തി, ഗണിതശാസ്ത്രനൈപുണ്യം തുടങ്ങിയവയൊക്കെ ഈ പരീക്ഷയിൽ പരീക്ഷിക്കപ്പെടും.
നാറ്റ യോഗ്യത നേടാൻ ഒന്നാം ഭാഗത്ത്, 120ൽ 30 മാർക്കും രണ്ടാം ഭാഗത്ത് 80ൽ 20 മാർക്കും (25 ശതമാനം വീതം), മൊത്തത്തിൽ ആർക്കിടെക്ചർ കൗൺസിൽ, പരീക്ഷയ്ക്ക് ശേഷം നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കും അപേക്ഷാർത്ഥി നേടേണ്ടതുണ്ട്. പരീക്ഷയുടെ വിശദമായ സിലബസ്http://nata.in എന്ന വെബ്‌സൈറ്റിലുള്ള ഇൻഫർമേഷൻ ബ്രോഷറിൽ ലഭ്യമാണ്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.
അപേക്ഷാർത്ഥിക്ക് 31.7.2017ന് കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടായിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/ഏതെങ്കിലും സ്ട്രീമിലെ അംഗീകൃത 10+3 ഡിപ്ലോമ/ 10 വർഷത്തെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷമുള്ള ഇന്റർനാഷണൽ ബക്കലേറിയറ്റ് ഡിപ്ലോമ എന്നിവയിലൊന്നോ തത്തുല്യ പരീക്ഷയോ മൊത്തം 50 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം.
യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. ബി.ആർക്ക് പ്രവേശനം നേടാൻ അപേക്ഷാർത്ഥി യോഗ്യതാപരീക്ഷ, പ്രായം എന്നീ വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നതിനൊപ്പം NATA പരീക്ഷ 2017ലോ 2016ലോ ജയിച്ചിരിക്കുകയും വേണം.
അപേക്ഷ ഡിസംബർ 24 മുതൽwww.nata.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി നൽകാം. മൂന്നുഘട്ടമായി ഇത് പൂർത്തിയാക്കണം. ആദ്യഘട്ടത്തിൽ വ്യക്തിപരമായ വിവരങ്ങൾ നൽകി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് രേഖകൾ (ഫോട്ടോ, ഇടതുപെരുവിരലടയാളം, ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത ഇമേജുകൾ നിശ്ചിതരൂപത്തിലും വലിപ്പത്തിലും) അപ്‌ലോഡ് ചെയ്യണം. അതിനുശേഷം ഫീസൊടുക്കണം.
അപേക്ഷാഫീസ്, എല്ലാ വിഭാഗങ്ങൾക്കും 1250 രൂപയാണ്. ഡബിറ്റ്/ ക്രഡിറ്റ് കാർഡുവഴിയോ നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെയോ ഫീസ് ഓൺലൈനായി അടയ്ക്കാം. അടച്ചു കഴിയുമ്പോൾ കൺഫർമേഷൻ പേജ് രൂപപ്പെടും. ICICI ബാങ്കിന്റെ ഇ-ചലാൻ വഴി, ബാങ്കിന്റെ ശാഖയിൽ പണമായും ഫീസടയ്ക്കാം. ചലാനിലെ വിവരങ്ങൾ പിന്നീട് അപ്‌ലോഡ് ചെയ്യണം. തുടർന്ന് കൺഫർമേഷൻ പേജ് ലഭിക്കും. കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് എടുത്ത് അപേക്ഷാർത്ഥി സൂക്ഷിച്ച് വയ്ക്കണം. ഇത് എവിടേയ്ക്കും അയച്ചുകൊടുക്കേണ്ടതില്ല.
2017 ജനുവരി 29, രാത്രി 11.59 വരെ അപേക്ഷാർത്ഥിക്ക് വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ജനുവരി 30 രാത്രി 11.59 വരെ രേഖകൾ അപ്‌ലോഡ് ചെയ്യാം. ജനുവരി 31 രാത്രി 11.59 വരെ ഫീസടയ്ക്കാം. കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് എടുക്കാൻ ഫെബ്രുവരി 28 രാത്രി 11.59 വരെ സൗകര്യമുണ്ടാകും.
ഇതിനിടെ, നൽകിയ അപേക്ഷയിലെ പിശകുകൾ തിരുത്താൻ, ഫെബ്രുവരി 15 മുതൽ 21 വരെ സൗകര്യം ലഭ്യമാക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് മാർച്ച് 26 മുതൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാം. പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ ഇതും അപേക്ഷയിൽ നൽകിയ ഫോട്ടോയുടെ ഒരു പകർപ്പും നീല/കറുത്ത മഷിയുള്ള ബോൾപോയിന്റ് പേന, പെൻസിൽ, റബ്ബർ, കളർ പെൻസിൽ എന്നിവയും കരുതിയിരിക്കണം.
പരീക്ഷയ്ക്കു ശേഷം ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും. അതിന്മേൽ അഭിപ്രായം അറിയിക്കാം. OMR ഷീറ്റിലെ റെസ്‌പോൺസസിന്റെ ഇമേജ് പ്രസിദ്ധപ്പെടുത്തും. അത് പുനഃപരിശോധിക്കാൻ, ഒരു ചോദ്യത്തിന് 1000 രൂപ തോതിൽ ഫീസടച്ച് അപേക്ഷിക്കാം.
അന്തിമഫലം ജൂൺ 10 ന് പ്രഖ്യാപിക്കും. വിവിധ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനാഗ്രഹിക്കുന്നവർ സ്ഥാപനത്തിന്റെ വ്യവസ്ഥകൾ പ്രകാരം പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് http://nata.in,https://coa.gov.in, എന്നീ വെബ്‌സൈറ്റുകളും ഇൻഫർമേഷൻ ബ്രോഷറും കാണേണ്ടതാണ്.